അമ്മുക്കുട്ടി1
ഭാഗ്യം, അമ്മ കാണുന്നില്ല. അല്ലെങ്കില്‍ ഇപ്പോള്‍ വഴക്കു പറഞ്ഞേനേ. നല്ല മഴയുണ്ട്. പക്ഷേ, എത്ര നനഞ്ഞിട്ടും അമ്മുക്കുട്ടിക്കു തണുക്കുന്നേയില്ല. അപ്പുറത്ത് അമ്മയും നനയുന്നുണ്ട്. ആദ്യമായാണ് അമ്മ ഇങ്ങിനെ മഴ നനയുന്നത് അമ്മുക്കുട്ടി കാണുന്നത്. സാധാരണ മഴ നനഞ്ഞിട്ടു വരുമ്പോള്‍ അമ്മുക്കുട്ടി അച്ഛനെയാണ് കെട്ടിപ്പിടിക്കാറ്. അച്ഛന്റ്റെ ദേഹത്ത് നല്ല സുഖമുള്ള ചൂടാണ്. അമ്മയെപ്പോലെ വഴക്കു പറയുകയും ഇല്ല. തല തുവര്‍ത്തി തന്നിട്ട് “മഴ നനഞ്ഞാല് പനി പിടിക്കും മോളേ” എന്നു പറഞ്ഞ് ചേര്‍ത്തു പിടിക്കുകയാണ് പതിവ്. നനഞ്ഞതൊക്കെ മാറ്റി ഇടീക്കുന്നതും അച്ഛനാണ്. ഹോ…അപ്പോഴത്തെ ഈറന്‍ കാറ്റിന്റ്റെ തണുപ്പ്. അച്ഛനെ കെട്ടിപ്പിടിച്ച് അങ്ങിനെ നില്ക്കാന്‍ എന്തു സുഖമാണ്. ഉടനെ അമ്മ തുടങ്ങും. “ഓ, ഒരു പുന്നാര അച്ഛനും മോളും”. അമ്മയെ കൊഞ്ഞനം കുത്തി കാണിക്കും. അമ്മ കൈയോങ്ങുമ്പോള്‍ അച്ഛന്‍ തടയും. “അമ്മേടെ ഒരു കുശുമ്പ്” ഞാനും അച്ഛനും കൂടി ചിരിക്കും.
അമ്മയ്ക്കെന്താ മഴ ഇഷ്ടമല്ലാത്തത് ? മഴ പെയ്താല്‍ അമ്മയ്ക്കാകെ വെപ്രാളമാണ്. മുറ്റത്തെ അയയില്‍ കിടക്കുന്ന തുണിയെല്ലാം എടുക്കണം. പശുവിനെ അഴിച്ച് തൊഴുത്തില്‍ കെട്ടണം. ഉണങ്ങാനിട്ടിരിക്കുന്ന വിറകെല്ലാം എടുത്തു പുറകിലെ ചായ്പില് വെക്കണം. പുരയ്ക്കുള്ളില്‍ ചോരുന്നിടത്തെല്ലാം പാത്രം വെക്കണം. അടുക്കളയിലാണ് ഏറ്റവും കൂടുതല്‍ ചോര്‍ച്ച. മഴക്കാലമായാല്‍ നനഞ്ഞ ചൂട്ട് അടുപ്പില് വെച്ച് ഊതിയൂതി അമ്മയുടെ കണ്ണുകള്‍ എപ്പോഴും പുകയടിച്ച് ചുവന്ന് നിറഞ്ഞ് കലങ്ങിക്കിടക്കും. അപ്പോള്‍ എന്തു ചോദിച്ചാലും അമ്മയ്ക്ക് ദേഷ്യമാണ്. അല്ലെങ്കിലും മഴ വന്നാല്‍ മുതിര്‍ന്നവര്‍ക്കെല്ലാം ദേഷ്യമാണ്. അങ്ങേലെ നാണിമുത്തശ്ശി വാതത്തിന്റ്റെ ശല്യം കാരണം മഴയെ വഴക്കുപറയുന്നത് എത്രയോ വട്ടം കേട്ടിരിക്കുന്നു. കഴിഞ്ഞ കര്‍ക്കിടകത്തില്‍ അമ്മ വീട്ടില്‍ രാമായണം വായിച്ചു കൊണ്ടിരുന്ന ഒരു സന്ധ്യയിലാണ് മുത്തച്ഛന്‍ കഫക്കെട്ട് കാരണം ചുമച്ചു ചുമച്ച് ശ്വാസം മുട്ടി മരിച്ചത്. അമ്മ അന്ന് എന്നെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു. മഴയെ ശപിച്ചു. തിണ്ണയിലെ ഭിത്തിയില്‍ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഗുരുവായൂരപ്പനോട് അമ്മ പിന്നെ കുറെ നാളത്തേക്ക് പിണക്കമായിരുന്നു. തെക്കെപ്പറമ്പിലെ നാട്ടുമാവിന്റ്റെ തെക്കോട്ടു നീണ്ട കൊമ്പു മുറിച്ചാണ് അന്ന് മുത്തച്ഛനെ ദഹിപ്പിച്ചത്.ഭാഗ്യം, അമ്മ കാണുന്നില്ല. അല്ലെങ്കില്‍ ഇപ്പോള്‍ വഴക്കു പറഞ്ഞേനേ. നല്ല മഴയുണ്ട്. പക്ഷേ, എത്ര നനഞ്ഞിട്ടും അമ്മുക്കുട്ടിക്കു തണുക്കുന്നേയില്ല. അപ്പുറത്ത് അമ്മയും നനയുന്നുണ്ട്. ആദ്യമായാണ് അമ്മ ഇങ്ങിനെ മഴ നനയുന്നത് അമ്മുക്കുട്ടി കാണുന്നത്. സാധാരണ മഴ നനഞ്ഞിട്ടു വരുമ്പോള്‍ അമ്മുക്കുട്ടി അച്ഛനെയാണ് കെട്ടിപ്പിടിക്കാറ്. അച്ഛന്റ്റെ ദേഹത്ത് നല്ല സുഖമുള്ള ചൂടാണ്. അമ്മയെപ്പോലെ വഴക്കു പറയുകയും ഇല്ല. തല തുവര്‍ത്തി തന്നിട്ട് “മഴ നനഞ്ഞാല് പനി പിടിക്കും മോളേ” എന്നു പറഞ്ഞ് ചേര്‍ത്തു പിടിക്കുകയാണ് പതിവ്. നനഞ്ഞതൊക്കെ മാറ്റി ഇടീക്കുന്നതും അച്ഛനാണ്. ഹോ…അപ്പോഴത്തെ ഈറന്‍ കാറ്റിന്റ്റെ തണുപ്പ്. അച്ഛനെ കെട്ടിപ്പിടിച്ച് അങ്ങിനെ നില്ക്കാന്‍ എന്തു സുഖമാണ്. ഉടനെ അമ്മ തുടങ്ങും. “ഓ, ഒരു പുന്നാര അച്ഛനും മോളും”. അമ്മയെ കൊഞ്ഞനം കുത്തി കാണിക്കും. അമ്മ കൈയോങ്ങുമ്പോള്‍ അച്ഛന്‍ തടയും. “അമ്മേടെ ഒരു കുശുമ്പ്” ഞാനും അച്ഛനും കൂടി ചിരിക്കും.
“നിന്റ്റെ പ്രായത്തില് അമ്മയ്ക്കും മഴയെ ഇഷ്ടമായിരുന്നു.” ഒരു മഴക്കാല സന്ധ്യയില്‍ അമ്മയോടൊപ്പം നാമം ജപിച്ചു കഴിഞ്ഞ് കരിന്തിരി കത്തുന്ന മണ്ണെണ്ണ വിളക്കിന്റ്റെ വെട്ടത്തില്‍ അമ്മയുടെ മടിയില്‍ തല വെച്ചു കിടക്കുമ്പോള്‍ അമ്മ പറഞ്ഞതാണ്. പിന്നെ ഇപ്പൊഴെന്താ അമ്മയ്ക്ക് മഴ ഇഷ്ടമല്ലാത്തത് എന്ന ചോദ്യത്തിന് അമ്മ ഉത്തരമൊന്നും പറഞ്ഞില്ല. എന്റ്റെ തലയില്‍ മെല്ലെ തടവിക്കൊണ്ട് അമ്മ മഴയിലേക്ക് നോക്കി ഇരുന്നു. വൈകുന്നേരം അടുക്കളയില്‍ കയറാഞ്ഞിട്ടും അമ്മയുടെ കണ്ണുകള്‍ നിറഞ്ഞുകിടന്നു. ആ മനസ്സില്‍ ഒരു മഴ പെയ്യുന്നതു പോലെ. ചിലപ്പോഴൊക്കെ അമ്മ അങ്ങിനെയാണ്. പറയുന്നത് ഇടയ്ക്ക് വെച്ച് മുറിഞ്ഞുപോകും. ചിലപ്പൊഴൊക്കെ തന്നെത്താന്‍ വര്‍ത്തമാനം പറയും. ഒറ്റയ്ക്കിരുന്നു കരയും. അപ്പോള്‍ അമ്മയോട് ഒന്നും ചോദിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അമ്മുക്കുട്ടി മനസ്സിലാക്കിയിട്ടുണ്ട്.
മുത്തശ്ശന്‍ മരിച്ച് പിന്നെയും കുറെനാള്‍ കഴിഞ്ഞാണ് അച്ഛന്‍ കള്ളുകുടി തുടങ്ങിയത്. ആദ്യമൊക്കെ അച്ഛന്‍ കള്ളുകുടിച്ചിട്ട് വരുമ്പോള്‍ അമ്മ കരയുമായിരുന്നു. കള്ളുകുടിച്ചു വരുന്ന ദിവസം അച്ഛന്റ്റെ കൈയിലെ പൊതിയില്‍ അമ്മുക്കുട്ടിക്കു വേണ്ടി നാരങ്ങാമിഠായിയോ, വറുത്ത കപ്പലണ്ടിയോ എന്തെങ്കിലുമൊക്കെ ഉണ്ടാകും. അപ്പോള്‍ അച്ഛന് അമ്മുക്കുട്ടിയെ പതിവിലും കൂടുതല്‍ സ്നേഹമാണ്. പാട്ടുപാടും, കെട്ടിപ്പിടിച്ച് ഉമ്മ തരും, ചുമ്മാതെ ഇരുന്ന് ചിരിക്കും, അമ്മുക്കുട്ടിയെ കളിക്കാന്‍ വിളിക്കും. എന്നാലും അമ്മ കരയുന്നതു കൊണ്ട്, അച്ഛന്‍ കള്ള് കുടിക്കുന്നത് അമ്മുക്കുട്ടിക്കും വിഷമമായിരുന്നു.
കുറെയായി അച്ഛന്‍ ബീഡിക്കുള്ളില്‍ എന്തോ ചുരുട്ടി വലിക്കാറുണ്ട്. അതിന് അച്ഛനും അമ്മയുമായി കുറെ വഴക്കുണ്ടായി. അത് വലിച്ചു കഴിഞ്ഞാല്‍ അച്ഛന് ആകെ ദേഷ്യമാണ്. അമ്മയെ ചീത്ത പറയും, അടിക്കും, അതു കണ്ട് കരഞ്ഞാല്‍ അമ്മുക്കുട്ടിയെയും അടിയ്ക്കും. ചിലപ്പോഴൊക്കെ ചോറും കലവും ഒക്കെ എടുത്തെറിയും. അതു കൊണ്ട് ഇപ്പോള്‍ സന്ധ്യയ്ക്ക് അച്ഛന്‍ വരുന്നതിനു മുമ്പേ അമ്മുക്കുട്ടിയ്ക്ക് അമ്മ ചോറ് തരും. അമ്മുക്കുട്ടി ചോറൂണ്ണുന്നതും നോക്കി ഇരിക്കുമ്പോള്‍ അമ്മയുടെ കണ്ണു നിറയും. ഈ മുതിര്‍ന്നവരുടെ ഒരു കാര്യം. കരയാനൊരു കാര്യം വേണ്ട. എന്നിട്ട് കുട്ടികളെ വഴക്കുപറയും. കഴിഞ്ഞ ദിവസം അമ്മ നാണിയമ്മൂമ്മയോട് എന്തൊക്കെയോ പറഞ്ഞ് കരയുന്നുണ്ടായിരുന്നു. “അപ്പുറത്ത് പോയിരുന്ന് എന്തെങ്കിലും പഠിക്കു പെണ്ണേ” അമ്മ എന്നെ ഓടിച്ചു വിട്ടു. മുതിര്‍ന്നവര്‍ സംസാരിക്കുന്നിടത്ത് കുട്ടികള്‍ നില്‍ക്കാന്‍ പാടില്ല എന്നാണ് അമ്മയുടെ നിയമം.
ഈയിടെയായി ബീഡി വലിച്ചിട്ട് അമ്മയെ തല്ലിയാലും അച്ഛന്‍ അമ്മുക്കുട്ടിയെ തല്ലാറില്ല. മാത്രമല്ല, ഭയങ്കര സ്നേഹമാണ് താനും. കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും. പക്ഷേ, അച്ഛന്റ്റെ കണ്ണുകളിലേക്ക് നോക്കാന്‍ പേടിയാകും. ചുവന്ന് കലങ്ങി ഒരു വല്ലാത്ത പേടിപ്പിക്കുന്ന ഭാവം. അമ്മയുടെ കണ്ണുകള്‍ ചുവന്ന് കലങ്ങിക്കിടക്കുമ്പോള്‍ പേടി തോന്നാറില്ല. സങ്കടമാണ് വരിക.
നാട്ടുമാവിന്റ്റെ ചുവട്ടില്‍ ‘ചറപറ’ മാങ്ങ പൊഴിയുന്നുണ്ട്. പക്ഷേ, അമ്മുക്കുട്ടിയ്ക്ക് എന്തോ മാങ്ങയോട് തീരെ ഇഷ്ടം തോന്നുന്നില്ല. രാവിലെ ദേവുവും ഉണ്ണിമായയും ടീനയും ഒക്കെ വന്ന് പെറുക്കട്ടെ. എന്നും അമ്മുവിനാണ് ഏറ്റവും കൂടുതല്‍ മാങ്ങ കിട്ടുന്നത്. അന്നേരം ടീനയുടെയും ഉണ്ണിമായയുടെയും കുശുമ്പ് ഒന്നു കാണേണ്ടതു തന്നെ. ദേവൂന് സന്തോഷമാണ്.എനിക്ക് കിട്ടുന്നതില് പാതി ദേവൂനു കൊടുക്കും. ഇന്ന് ടീനയും ഉണ്ണിമായയും ജയിച്ചോട്ടെ. പാവം ദേവു. അവള്‍ക്ക് മാങ്ങ പെറുക്കാന്‍ തന്നെ അറിയില്ല. ടീനയുടെ അനിയനെ അമ്മൂന് ഒത്തിരി ഇഷ്ടാണ്. കുഞ്ഞിപ്പല്ലു കാണിച്ചുള്ള ചിരി കാണാന്‍ എന്തു ഭംഗിയാ. ഇന്നാള് ഞാനവനൊരു മാങ്ങ കൊടുത്തത് ടീനയ്ക്കിഷ്ടായില്ല. അമ്മയുടെ വയറ്റിലും ഒരു അനിയനുണ്ടെന്ന് നാണിയമ്മൂമ്മ പറഞ്ഞിട്ടുണ്ടല്ലോ. അനിയന്‍ വരുമ്പോള്‍ ഞാനവന് നിറയെ മാങ്ങ പെറുക്കിക്കൊടുക്കും. അപ്പോ ടീനയുടെ മുഖമൊന്നു കാണണം. ടീനക്കെത്ര പാവാടയുണ്ട് ? പൂക്കളുള്ളത്, പുള്ളിയുള്ളത്, പൂമ്പാറ്റയുടെ പടമുള്ളത്,..മൂന്നാം ക്ലാസ്സിലേക്ക് ജയിച്ചപ്പോള്‍ അച്ഛന്‍ വാങ്ങിത്തന്ന പാവാട ആകെ പിഞ്ചിപ്പോയി. ഈ ഓണത്തിന് വയലറ്റ് പൂക്കളുള്ള പാവാട വാങ്ങിത്തരാം എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ എന്തോ, പുതിയ പാവാട ഇടാന്‍ അമ്മൂന് കൊതി തോന്നുന്നില്ല.
നേരമെന്തായിട്ടുണ്ടാവും? ഇന്നലെ രാത്രിമുതല്‍ മഴ നനയുന്നതാണ്. എന്നിട്ടും തണുക്കുന്നില്ലല്ലോ. നനയുന്നതു തന്നെ അറിയുന്നില്ല. എന്തൊക്കെയാണ് ഇന്നലെ വീട്ടിലുണ്ടായത് ? എല്ലാം ഒരു പുകമറ പോലെ. ഒന്നും ശരിയായി ഓര്‍ക്കാന്‍ പറ്റുന്നില്ല. അമ്മയുടെ കൂടെ അങ്ങേലെ നാണിയമ്മൂമ്മയെ കാണാന്‍ പോയതായിരുന്നു. നാണിയമ്മൂമ്മയ്ക്ക് രണ്ടു ദിവസമായി വാതം കലശലാണ്. അമ്മ കട്ടന്‍ കാപ്പി തിളപ്പിക്കുന്നതിനിടയിലാണ് അച്ഛന്റ്റെ വിളി. പുറത്ത് ചെറുതായി മഴ ചാറുന്നുണ്ട്. “അമ്മു അങ്ങോട്ട് ചെല്ല്, അമ്മ നാണിയമ്മയ്ക്ക് കാപ്പി തിളപ്പിച്ചു കൊടുത്തിട്ട് വരാം. മഴ നനഞ്ഞു നില്ക്കാതെ ഓടിപ്പോ.“ അമ്മ പറഞ്ഞു. നേരിയ ചാറ്റല്‍മഴയിലൂടെ ഓടിയെത്തുമ്പോള്‍ അചഛന്‍ തിണ്ണയിലുണ്ട്.
“നീയെവിടെപ്പോയതാ ? അമ്മയെവിടെ ?” അച്ഛന്റ്റെ കണ്ണുകള്‍ കലങ്ങിയിരുന്നു.
“മോളിവിടെ വാ” പേടിച്ചു നില്ക്കുമ്പോള്‍ അച്ഛന്‍ അടുത്തേക്ക് വിളിച്ചു.
“മഴ നനഞ്ഞോ ?“ അച്ഛന്‍ തല തുവര്‍ത്തി തന്നു.
“നനഞ്ഞത് മാറ്റണ്ടേ” അച്ഛന്റ്റെ ശബ്ദത്തിന് ഇടര്‍ച്ച.
സത്യത്തില്‍ ചെറിയ ചാറ്റല്‍ മഴ ഉടുപ്പ് നനച്ചിരുന്നില്ല.
ഉടുപ്പു മാറ്റുമ്പോള്‍ അച്ഛന്‍ അമ്മൂനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. അച്ഛന്റ്റെ കൈകള്‍ക്ക് പതിവില്ലാത്ത ശക്തി. അമ്മൂന് വേദനിച്ചു തുടങ്ങിയിരുന്നു. കുതറാന്‍ ശ്രമിക്കുമ്പോള്‍ അച്ഛന്റ്റെ ശക്തി കൂടുന്നു.
അച്ഛാ, അമ്മൂന് വേദനിക്കുന്നു”. അച്ഛന്‍ കേള്‍ക്കാത്ത പോലെ.
മുറ്റത്ത് മഴ കനത്തു. ചിണുങ്ങിക്കരഞ്ഞപ്പോള്‍ അച്ഛന്‍ വായപൊത്തി.
അച്ഛാ, അമ്മൂന് ശ്വാസം മുട്ടുന്നു. അച്ഛനെ തള്ളിമാറ്റാന്‍ അമ്മൂന്റ്റെ കുഞ്ഞുകൈകള്‍ക്ക് ശക്തിപോരാ.
“മോളേ..”, പുറകില്‍ നിന്നും അമ്മയുടെ നിലവിളി.
“എന്റ്റെ കുഞ്ഞിനെ വിടാന്‍...” അമ്മ കരഞ്ഞുകൊണ്ട് അമ്മുക്കുട്ടിയെ പുറകില്‍ നിന്നും പിടിച്ചു വലിച്ചു. അമ്മുക്കുട്ടി കുതറി. അച്ഛന്‍ കാലുയര്‍ത്തി അമ്മയെ ചവിട്ടി. അമ്മയുടെ വയറ്റിലാണ് ചവിട്ടു കൊണ്ടത്. അനിയനു നൊന്തുകാണും. അമ്മ ഞരങ്ങി താഴെ വീണു.
“അമ്മേ...” അമ്മുക്കുട്ടിയുടെ നിലവിളിയും ശ്വാസവും തൊണ്ടയില്‍ കൂടിക്കുഴഞ്ഞു തളരുന്നു. ദേഹം വിറയ്ക്കുന്നു. അച്ഛന് ഭ്രാന്തിളകിയ പോലെ. അമ്മുക്കുട്ടി കുഴയുന്നു. അമ്മയുടെ ഞരക്കം നേര്‍ത്തു വന്നു.
മുറ്റത്ത് മഴ കനത്തു. ആകാശത്തു നിന്നും തീവാളുകള്‍ ഭൂമിയുടെ നെഞ്ച് പിളര്‍ന്നു.
ഇപ്പോള്‍ അമ്മുക്കുട്ടിക്ക് വേദനിക്കുന്നില്ല. ഈറന്‍ കാറ്റടിച്ചപ്പോള്‍ ഉടുപ്പില്ലാഞ്ഞിട്ടും അമ്മുക്കുട്ടിക്ക് തണുക്കുന്നില്ല.
മുറ്റത്ത് മഴയുടെ ശക്തി കുറഞ്ഞു. അച്ഛന്‍ തലയ്ക്ക് കൈ കൊടുത്ത് അപ്പുറത്ത് അമ്മയുടെ അടുത്തിരിക്കുന്നു. അമ്മ അങ്ങോട്ട് തിരിഞ്ഞ് കിടപ്പാണ്. അച്ഛനോട് പിണങ്ങിക്കിടക്കുമ്പോള്‍ അമ്മ അപ്പുറത്തേക്ക് തിരിഞ്ഞാണ് കിടക്കുക. അച്ഛന്‍ തലയുയര്‍ത്തി അമ്മൂനെയും അമ്മയെയും മാറിമാറി നോക്കുന്നു. കണ്ണുകള്‍ ഇപ്പോഴും കലങ്ങിത്തന്നെ. അച്ഛന് വിഷമമുണ്ടാകും. അച്ഛന്‍ കുലുക്കി വിളിച്ചിട്ടും അമ്മ അനങ്ങുന്നില്ല. അച്ഛന്‍ അമ്മയെ എടുത്ത് മുറ്റത്തെ മഴയിലേക്ക് നടന്നു. എവിടെ പോയതാണാവോ ? അച്ഛന്‍ തിരിച്ചു വരുന്നുണ്ട്. അമ്മയെവിടെ ? നാണിയമ്മൂമ്മയുടെ അടുത്തു പോയതാവുമോ ? അച്ഛന്‍ അമ്മയെ തല്ലുന്ന രാത്രികളില്‍ അമ്മയും അമ്മുക്കുട്ടിയും നാണിയമ്മൂമ്മയുടെ വീട്ടിലാണ് കിടക്കുക. രാത്രി മുഴുവന്‍ അമ്മ ശബ്ദമുണ്ടാക്കാതെ കരയും. സങ്കടം സഹിക്കാതെ അമ്മുക്കുട്ടിയും കരയും. പക്ഷേ, അമ്മുക്കുട്ടിക്ക് ശബ്ദമുണ്ടാക്കാതെ കരയാനറിയില്ല.
അച്ഛന്‍ അമ്മൂന്റ്റെ അടുത്തേക്കാണല്ലോ വരുന്നത്. ഇനിയും വേദനിപ്പിക്കുമോ ? അമ്മൂന് സങ്കടം വരുന്നുണ്ട്. പക്ഷേ കരയാന്‍ പറ്റുന്നില്ല. അച്ഛന്‍ അടുത്തുവന്ന് അമ്മൂനെ നോക്കി നില്ക്കുന്നു. അച്ഛന്‍ അമ്മൂനെ എടുത്ത് മഴയിലേക്ക് നടക്കുന്നു. മഴത്തുള്ളികള്‍ ദേഹത്തുവീണിട്ടും അമ്മൂന് കുളിരുന്നില്ലല്ലോ. അച്ഛന്‍ നാട്ടുമാവിന്റ്റെ അടുത്തേക്കാണ് നടക്കുന്നത്. ഇരുട്ടിലും അമ്മൂന് കണ്ണുകള്‍ കാണാം. ടീനയോടു പറഞ്ഞാല്‍ വിശ്വസിക്കില്ല. അമ്മയോടു പറയണം. അയ്യോ…അച്ഛന്‍ അമ്മൂനെ പൊന്തക്കാട്ടിലേക്ക് എറിയുകയാണോ ? പക്ഷേ, അമ്മൂന് വേദനിക്കുന്നില്ല. അവിടെ പാമ്പുകളുണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അമ്മുവിനിപ്പോ പേടി തോന്നുന്നേയില്ല. ഇരുട്ടിനേയും പേടിയില്ല. അച്ഛന്‍ തിരിച്ചുപോയി. അപ്പുറത്ത് അമ്മ കിടക്കുന്നുണ്ടല്ലോ. അമ്മ അമ്മുക്കുട്ടിയോടും ഒന്നും മിണ്ടുന്നില്ല. ശബ്ദമുണ്ടാക്കാതെ കരയുകയായിരിക്കും. അമ്മയെന്താ അമ്മൂനെ കെട്ടിപ്പിടിക്കാത്തത്? അമ്മുക്കുട്ടിക്ക് അമ്മയെ ഒന്നു കെട്ടിപ്പിടിക്കണം. അനങ്ങാനാവുന്നില്ല. “അമ്മേ...” കഴിയുന്നില്ലല്ലോ, ചുണ്ടുകള്‍ അനങ്ങുന്നില്ല. ശബ്ദം പുറത്തുവരുന്നില്ല. മഴവെള്ളത്തിലൂടെ ഒഴുകിവന്ന ഒരുകൂട്ടം ഉറുമ്പുകള്‍ അമ്മുക്കുട്ടിയുടെ മുഖത്തിഴയുന്നുണ്ട്. കണ്ണുകളില്‍, ചുണ്ടുകളില്‍ അവ അരിച്ചു നടക്കുന്നു. അവ കടിക്കുന്നുണ്ടാവും. അമ്മുക്കുട്ടി അറിയുന്നില്ല.
നാട്ടുമാവിന്റ്റെ ചോട്ടില് മാങ്ങകള് പൊഴിഞ്ഞുകൊണ്ടിരുന്നു.
മഴ നിലച്ചിരുന്നു.
No comments:
Post a Comment